Sunday 19 July 2020

അതിജീവനം

💪🏼 *അതിജീവനം* 💪🏼

ഈ ഉലകിൻ അന്ധകാരത്തിൽ
ഞാനേകയായി മാതൃപാത്രത്തിൽ പിറന്നപ്പോഴും 
 ഉലകസ്ഥാപനത്തിൻ മുൻപേ 
അവൻ എന്നെ കണ്ടതിനാൽ ഞാൻ ഇന്നും ജീവിക്കുന്നു
അവന്റെ അത്ഭുത പ്രാകാശത്തിൽ!


പാപത്തിൻ കെണികൾ എന്നെ തറച്ചിട്ടും
അന്തകാരത്തിൻ ചങ്ങലകൾ എൻ കാലുകളെ ബന്ധിച്ചിട്ടും
ഞാൻ ഇന്നും ജീവിക്കുന്നു 
അവന്റെ ക്രൂശിലെ സ്നേഹത്തിൽ!



നഗ്നനേത്ര ദൃഷ്ടിയിൽ പതിയാത്ത മഹാമാരി ഉലകത്തെ വിഴുങ്ങിയപ്പോഴും
ശത്രു തൻ തന്ത്രവുമായി എൻ 
വാതിലിൽ മുട്ടിയപ്പോഴും
ഞാൻ ഇന്നും ജീവിക്കുന്നു
അവന്റെ ചങ്കിലെ ചുടു ചോരയിൽ!



എൻ പാദങ്ങളെ അവൻ തൻ കരങ്ങളാൽ താങ്ങി
പച്ചയായ പുൽപുറങ്ങളിൽ അവൻ എന്നെ കിടത്തി
സ്വച്ഛമാം നദിക്കരയിൻ അരികെ എന്നെ നടത്തി
 മുളളുകളിലെൻ പാദങ്ങൾ വെച്ചപ്പോഴും 
അവൻ എൻ പാദങ്ങൾക്ക് പകരമായി നടന്നു.
ഞാൻ ഇന്നും ജീവിക്കുന്നു എൻ അത്യുന്നതന്റെ സ്നേഹത്തിൻ മറവിൽ!


ലോകത്തിൻ മോഹങ്ങൾ എന്നെ കാർന്നു തിന്നുവാൻ
അലറുന്ന സിംഹംപോൽ ചുറ്റം അലയുന്നു.
ഹേ! ജനമേ നീ ഉണരുക.
എൻ കാന്തൻ വരവിനായി ബുദ്ധിയുള്ളവളെപോൽ നിൻ വിളക്കുകൾ അണയാതെ കാക്കണേ!


ഹേ! ജനമേ വരുക.
എൻ കാന്തൻ മാർവ്വിൽ ചേർന്നിടുവാൻ നേരമായി
ഏഴു വിളക്കിൽ നടുവിൽ ശോഭയോടെ
മാറത്ത് പൊൻ കച്ചയണിഞ്ഞ് വാനിൽ വരുന്നുന്നിതാ എൻ പ്രാണനാഥൻ!

ഹേ !ജനമേ നീ അതിജീവിക്കുക!
പാപത്തിൻ മുളളുകളെ ചവിട്ടിമെതിക്ക,
കാലുകളിരുമ്പാണിയിൽ തറച്ചത് നിൻ പേർക്കല്ലേ???
നിൻ ജീവനായിട്ടല്ലയോ???

❤️❤️❤️❤️❤️❤️❤️❤️

Monday 13 July 2020

ഒരു ഊമ കത്ത്

ബിൻസി കൊച്ചേ...

എനിക്ക് നിങ്ങളെ ഇഷ്ടമാണ്... കാരണമൊന്നുമില്ല ... വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനമെഴുതില്ല, ഒന്നും ചെയ്യില്ല... ഒരു ബന്ധവും സങ്കല്പിക്കാതെ, വെറുതെ, എനിക്ക് നിങ്ങളെ ഇഷ്ടമാണ് !!
ഒരിക്കലും തിരിച്ചു വരില്ലന്നറിഞ്ഞിട്ടും പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന്റെ കഥ പറഞ്ഞ എം.ടി യുടെ മഞ്ഞിലെ വരികളാണ് ഇതിപ്പോ ആരാ എനിക്ക് ഇങ്ങനൊരു എഴുത്ത് എഴുതാൻ എന്നല്ലെ കൊച്ച് ആലോയിക്കുന്നേ 😁 നമ്മളെവിടാ കണ്ടേന്ന് ഓർക്കുന്നുണ്ടോ ? ഒഴിവാക്കി വിട്ട ചെക്കന്മാരെയൊക്ക ഓർമ്മയുണ്ടോ ?, ഇനി ആ കൂട്ടത്തിൽ ആരേലും ആണോ ? അലോയിച്ച് വട്ടാക്കെണ്ടാ ഹേയ് നമുക്ക് ഏതേലും വട്ടത്തിൽ കൂട്ടിമുട്ടാം ബൂമിയൊരു ചെറിയ വട്ടമാണല്ലോ ❤️

പൊറന്നാൾ ഒക്കെ എങ്ങനെ ഇണ്ടാരുന്നു ഇന്നെത്രാ പേരെ സന്തോഷിപ്പിച്ചു ♥
വരപ്പിൻ്റെം പാട്ടിൻ്റെ അസ്കിതയുണ്ടെന്നൊരു കരക്കമ്പി കേൾക്കുന്നുണ്ടല്ലോ ഉളളതാണോ ? ചില്ലറ എഴുത്തും വശമുണ്ടല്ലേ കൊളളാം നന്നായിരിക്കട്ടെ 😘

ഹയ് മിസ്റ്റര്‍ ദേ ദിവളുടെ സ്റ്റാറ്റസിൻ്റെ അറ്റത്ത് കണ്ടതാണ് ഇങ്ങളെ എന്നാ പിന്നെ ഒരു എഴുത്ത് സെറ്റാക്കാന്ന് ദേ മുന്നിൽ മഞ്ഞിരിക്കുന്നു ചെറിയൊരു കയ്യബദ്ധം ആരോടും പറയണ്ടാ കേട്ടാ .!

പിറന്നാള്‍ ആശംസകള്‍ മുത്തുമണി ❤️ ഒത്തിരി സ്നേഹത്തോടെ 
ഒരു അഭ്യൂദയകാംഷി 
ഒപ്പ്

Nb: കൊറോണാ ആ വഴി വന്നാൽ ഞാൻ തിരക്കീന്ന് പറ 😬


(ജൂലൈ 12, 2020 യിൽ എന്റെ പ്രിയ സുഹൃത്ത് എലിസബത്ത് ജോസഫ്   എനിക്ക് ജൻമദിനാശംസകൾ ഒരു ഊമ കത്തായി  സമർപ്പിച്ചപ്പോൾ...)

Monday 6 July 2020

എനിക്ക് ഒരു രഹസ്യം പറയുവാനുണ്ട്...


 വ്യത്യസ്തമായ അനുഭങ്ങളുടെയും സ്വകാര്യങ്ങളുടെയും കള്ളത്തരങ്ങളുടെയും കലവറയാണ് മനുഷ്യന്റെ മനസ്സ് . തുടർച്ചയായ ഇരമ്പി അലയടിക്കുന്ന കടൽ പോലെയാണ്. അത് വറ്റാത്ത കടൽ പോലെ ആഴവും വിസ്തീർണ്ണവുമുള്ളതാകുന്നു. സ്വന്തം മനസ്സിൽ മാത്രം ഇരുളറയിൽ മറപിടിച്ച് മൂടിക്കിടക്കുന്ന ആ രഹസ്യങ്ങളെയും ആ വിങ്ങുന്ന നൊമ്പരങ്ങളെയും അണപൊട്ടിയ വെള്ളക്കെട്ടു പോലെ പലപ്പോഴും പലരോടും തുറന്ന് പറയുവാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ ചിലരുടെ നൊമ്പരങ്ങൾ ഇന്നും താൻ വിശ്വസിക്കുന്നവരുടെ ഹൃദയത്തിൽ നിങ്ങളുടെ വിശ്വാസമെന്ന പോലെ അത് സുരക്ഷിതമെന്ന് കരുതാം. ദിശയില്ലാത്ത കാറ്റു പോലെ ഇന്നും നീറുന്ന നൊമ്പരവുമായി ആരോടും പങ്കുവെക്കുവാൻ കഴിയാതെ നിരാശപ്പെടുന്ന അനേകർ ഉണ്ട്. അവരോട് എനിക്ക് ഒരു രഹസ്യം പറയാൻ ഉണ്ട്. ഈ ലോകത്തിലെ സകല ജീവജാലങ്ങളും ചരാചരങ്ങളും അതിന്റെ സൃഷ്ടിയുടെ പൂർണ്ണതയിൽ ഈ ഭൂമിയിൽ ജീവിക്കുമ്പോൾ എന്തിനാ നീ മാത്രം പൂർണ്ണതയില്ലാതെ ജീവിക്കുന്നത്. യജമാനൻ ദാസനോട് എന്നപോലെ രാജാവ് തന്റെ പ്രജകളോടെന്നപോലെ നിന്നോട് സ്നേഹവും വിശ്വസ്തയും പുലർത്തുന്ന ഒരുവൻ ഈ ഭൂമിയിലിൽ വസിക്കുന്നുണ്ട്. നിന്നെ ഭൂമിയിലേയ്ക്ക് ക്ഷണിച്ചവൻ..നിന്റെ ക്ഷണിതാവ്... നിന്റെ ഹൃദയത്തിലെ വികാരങ്ങളെയും വിചാരങ്ങളെയും വിവേചിച്ച് അറിയുന്നവൻ... അവൻ ആൽഫയും ഒമേഗയുമാണ്. നിനക്ക് ആരോടും പറയാൻ കഴിയാതെ ഹൃദയത്തിൽ കനൽ പോലെ നീറുന്ന... നിന്നെ നീറ്റുന്ന രഹസ്യമുണ്ടോ..?  എങ്കിൽ നീ നിന്റെ അറയിൽ കയറി വാതിൽ അടച്ച് ...നിന്റെ കണ്ണുകളെ മെല്ലെ അടച്ച്... നിന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയാത്ത രഹസ്യത്തിലുള്ളവനോട് നിന്റെ ഹൃദയത്തെ  തുറക്കുക... നിന്റെ  നൊമ്പരങ്ങൾ അവന്റെ ഹൃദയത്തിലേയ്ക്ക് പകരുക... കരഞ്ഞു തളരുമ്പോൾ ആ മാറിലേയ്ക്ക് ചായുക... അവൻ നിന്റെ കണ്ണുനീരിനെ തുടക്കും. അതെ... അവിടെ നിന്റെ സകല നൊമ്പരങ്ങളും വേദനകൾക്കും അറുതി വരും.. അവിടെ നിന്റെ രക്ഷ വെളിപ്പെടും... അപ്പാ... പിതാവേ... എന്ന് വിളിച്ച് നിന്റെ നഗ്നരഹസ്യങ്ങളെയും നൊമ്പരങ്ങളെയും പകരുവാൻ കഴിയുന്ന...ഈ ഭൂമിയിലും സ്വർഗ്ഗത്തിലും വസിക്കുന്ന സർവ്വ ശക്തനായ ദൈവം!!!