Sunday 26 August 2018

ഒരു അപരിഷ്കൃതൻ!!!

അപരിചത്വം നിറഞ്ഞ മുഖം. വാർദ്ധക്യം  എത്തി നോക്കിയ ശരീരം. ബസ്സിന്റെ സൈഡ് സീറ്റായതു കൊണ്ട് കാറ്റിൽ നരകൾ പാറി പറക്കുന്നുണ്ടായിരുന്നു. നെറുനെറ്റിയിൽ കുങ്കുമം ഇല്ലെങ്കിലും ചന്ദനം ഹരണം പോലെ വരച്ചിട്ടുണ്ട്. എന്റെ ഒരു തുമ്മൽ അവരെ ഞെട്ടിച്ചു.  രണ്ടാമത്തെ തുമ്മലിന് , മാതൃത്ത്വം തുളുമ്പുന്ന ചുളുങ്ങിയ ചുണ്ടുകൾ ദയനീയമായി പുഞ്ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു:
"ഹാ... വയ്യേ.. തുമ്മലാണോ? എനിക്കും ഉണ്ട്. തുമ്മൽ ഒരു വില്ലനാണ്.."
"ഹേ.. കുഴപ്പമില്ല... അലേർജിയാണ്". ഞാൻ പറഞ്ഞു. 
ഭക്തി നിർഭരമായ വേഷമായതിനാലും അന്ന് ആറ്റുകാൽ പൊങ്കാല ആയതിനാലും ഞാൻ ചോദിച്ചു.
"പൊങ്കാലയ്ക്കാണോ പോകുന്നത്?"
"അതെ." അവർ പറഞ്ഞു.
നിമിഷനേരങ്ങൾ കൊണ്ട് അവരുടെ പരിചയത്തിന്റെ പട്ടികയിൽ ഞാനും സ്ഥാനം പിടിച്ചു. പിന്നെ ഒരു തനിമലയാളിയെ പോലെ , തന്റെ പച്ചയായ സ്വഭാവം കാഴ്ച്ചവെച്ചു. കാര്യകാരണവൻമാരുടെ ചരിത്രം  പോലെ എന്നോട് തുടർന്നു.
"എനിക്ക് രണ്ട് പെൺക്കുട്ടികളാണ്. രണ്ടു പേരും സുന്ദരികളാണ്. അവരുടെ അച്ഛനും അമ്മയും ഞാനാണ്".
ആ  മുഖത്തിന്റെ സൗന്ദര്യത്തിലൂടെ എനിക്ക് അത് സങ്കൽപ്പിക്കുവാൻ കഴിഞ്ഞു.


" അച്ഛൻ മരിച്ചിട്ട് ഏഴ് വർഷം. ഉള്ള സമ്പാദ്യവും എഴുപത്തിയഞ്ച് പവനും കൂട്ടി അവളെ അയച്ചു." ആത്മാഭിമാനത്തോടെ അമ്മ പറഞ്ഞു.


"മോളേ.... നല്ല ശരീരവടിവുള്ള പെൺക്കുട്ടി. നല്ല വിടർന്ന കണ്ണുകൾ. ആരും ഒന്ന് നോക്കും. മോഹനിയാട്ടവും ഭരതനാട്യവും എല്ലാം പഠിപ്പിച്ചു. സ്കൂളിൽ ഫെസ്റ്റിന് ഒന്നാമതായിരുന്നു. പഠിക്കാനും ഒന്നാമതായിരുന്നു".
എന്റെ ഓർമ്മയിൽ ആദ്യമയിട്ടാണ് ഒരു അമ്മ തന്റെ മക്കളിൽ ഇത്രയും അഭിമാനം കൊള്ളുന്നതായി ഞാൻ കാണുന്നത്.


"ചേച്ചി ഇപ്പോ എന്ത് ചെയ്യുവാ? "ഞാൻ ആകാംശയോടെ ചോദിച്ചു.
"വല്യ പ്രതീക്ഷയോടെ അയച്ചതാ.. ചെറുക്കന് സുന്ദരിയായ പെണ്ണിനെ മതിയായിരുന്നു. അവനെ കാണാൻ വല്യ ചേലൊന്നുമില്ല. ഇപ്പോ അവന് അവളേ വേണ്ട എന്ന്. ഡൈയ് വേഴ്സിന് കൊടുത്തേക്കു വാ"
ലക്ഷ്യം തെറ്റിയ അമ്പു പോലെ വിധി തൻറെ ജീവിത സ്വപ്നത്തെ വേട്ടയാടിയത് കൊണ്ടാവാം കണ്ണുകൾ നിറയുന്നത് എന്ന് ഞാൻ കരുതി.
"അയ്യോ ... എന്തുപറ്റി ?" ഞാൻ ചോദിച്ചു.


"മോളേ.... വിദ്യാഭ്യാസം ഉണ്ട്. വിവരമില്ല. " അവർ പറഞ്ഞു. പിന്നെ മലയാള ഭാഷാ നിഘണ്ടുവിൽ ഇല്ലാത്ത കുറെ വാക്കുകൾ കേട്ടു.ചെറുതായി കലങ്ങുന്ന കണ്ണുകളിൽ കൃഷ്ണമണി നെട്ടോട്ടമോടുന്നതായി എനിക്ക് തോന്നി. നൊമ്പരങ്ങൾ താങ്ങാൻ ആകാതെ ആ മനസ്സ് വിതുമ്പുന്നതായി എനിക്ക് തോന്നി.
മകളോടുള്ള സ്നേഹം, വിധി പിതൃസ്നേഹത്തെ റാഞ്ചി എടുത്തപ്പോഴും ഇടറാതെ നിന്ന ഉറച്ചമനസ്സിന്റെ നൊമ്പരമാകാം ഞാൻ കേട്ടത്.
"മോളേ...ഇപ്പോൾ അവളെ സംശയമാണ്. വേറെയാരെങ്കിലും അവളുടെേ മേൽ നോട്ടം വെക്കുമോ എന്ന്... "
" ...അച്ഛൻ ഇല്ലാത്ത അവളെ സ്നേഹിച്ചാ വളർത്തിയത്. എസ് . എൻ  കോളേജിൽ ബി.എസ്.സി ഫിസിക്ക്സ്സ് കഴിഞ്ഞു. എന്നാൽ കാലം അതല്ലേ... എനിക്കൊരു പേടി.. ഞാൻ എം.എ.സിക്ക് എസ്.എൻ.വ്യുമൺസിൽ ചേർത്തു."
"...മോളേ ... അവൾക്ക് യൂണിവേഴ്സിറ്റി റാംങായിരുന്നു. ഇപ്പോൾ കോച്ചിംങിനും വിട്ടില്ല... പുറത്തും ഇറക്കില്ല."
"കുഞ്ഞുങ്ങൾ ഉണ്ടോ?" ഞാൻ ചോദിച്ചു.
"ഒരു മോളുണ്ട്. അവളെ പോലെ സുന്ദരി. അയാൾക്ക് അതിനെ വേണ്ട എന്ന്.."
"അത് എന്താമ്മേ കാരണം?"
"പെൺക്കുട്ടിയെ വളർത്തിയാൽ പീഡിപ്പിക്കും എന്ന്..."
ഞാൻ ഒന്ന് സ്തംഭിച്ചു. 
"അച്ഛനില്ലാത്ത മക്കളെ ഒരു അമ്മ കരുതലോടെ വളർത്തിയപ്പോ ,അവരെയാരും പീഡിപ്പിച്ചില്ലല്ലോ... എന്ന് ഞാൻ അവനോട് ചോദിച്ചു" അവർ തകർന്ന മനസ്സോട് എന്നോട് പറഞ്ഞു.
പരിഷ്ക്കാരികൾ കുതിച്ച് വാഴുന്ന ഈ സാമ്രാജത്തിൽ ഇപ്പോഴും ഒരു 
അപരിഷ്കൃതനോ?? 
"കോടതി വിധിയായി കിടക്കുകയാ.. മോൾ വേറെയാ താമസം. അയാൾ വാടകയ്ക്ക് വീട് എടുത്തു കൊടുത്തു."
"മോളേ... ഒരമ്മയും സഹിക്കാത്ത ചോദ്യമാണ് അവൾ എന്നോട് ചോദിച്ചത്"
"എന്ത്?" എനിക്ക് ആകാംശയായി.
"അമ്മായാണ് എന്റെ ജീവിതം നശിപ്പിച്ചത്!!"
നൊന്തു പ്രസവിച്ച ഒരു അമ്മ മനസ്സിന് താങ്ങാനാവാത്ത വാക്കുകൾ!!!
"... അന്നേ എ.എൻ കോളേജിൽ വെച്ച് ഒന്നിനെ സ്നേഹിച്ചാ മതിയായിരുന്നു എന്ന്...മകൾ എന്നോട്
പറഞ്ഞു.. മോളേ." അവർ എന്നോട് പറഞ്ഞ
"മോളേ.... നീ പറ.ഞാൻ എന്ത് തെറ്റാ ചെയ്തത്?"
മൗനം മാത്രമായി എന്റെ മറുപടി.
"മോളേ... കല്യാണം വിധിയാ... ഒരു കുരുക്ക്... ഒരു പെണ്ണിന്റെ ജീവിതം നശിക്കുന്ന കുരുക്ക്.."


അവിവഹിതയായ  ഒരു മകൾ കൂടി അവശേഷിക്കുന്ന ഒരു അമ്മ മനസ്സിന്റെ വെവലാതിയാകാം ആ വാക്കുകൾ. അപ്പോഴും
അച്ഛന്റെ നെഞ്ചിലെ ചൂടറിയാതെ വളരാൻ ഈ ഭുമിയിൽ ഒരു മകൾ കൂട്ടി അവശേഷിക്കുന്നു!!! വെറും മണ്ണോട് ചേരുന്ന  വിവേകമില്ലാത്ത മനുഷ്യന്റെ വികൃതികൾ മാത്രം!!! ജ്ഞാനിയായിട്ടും അർഥശൂന്യമായ അന്ധതയിൽ വസിക്കുന്ന ഒരു അപരിഷ്കൃതൻ!!!




2 comments:

  1. വളരെ അധികം വിഷമിപ്പിക്കുന്നതും എന്നാൽ ഒരു അമ്മയുടെ വാത്സല്യം,മക്കളുടെ ജീവിതത്തെ പറ്റിയുള്ള ചിന്ത എല്ലാം നമ്മെ അറിയിക്കുന്നു...
    നല്ലൊരു സന്ദേശം കൂടിയാണിത് 👌

    ReplyDelete