Saturday 23 March 2019

അങ്കിൾ...

സൂര്യാസ്തമയത്തിൻ്റെ ചെറുചൂടിൽ പട്ടണത്തിൻ്റെ ഞെരുക്കത്തിൻ്റെ നടുവിൽ ആയാസപ്പെട്ടു നിൽക്കുന്ന  ഒരു ചെറു ചായക്കട. പ്രായം കൊണ്ടു അനുഭവസ്ഥനായ ആ ചായക്കടക്കാരന് പറയാൻ ആയിരം കഥകൾ കാണും. ജീവിതപാഠത്തിന് അപ്പുറം ദൈനദിന കാഴ്ച്ചകൾ കണ്ടു മടുത്ത ഉറച്ച മനസ്സിന് ഉടമയായായിരുന്നു അയാൾ. ഉച്ച വിശപ്പിനെ
അടക്കുവാൻ ഞാനും എൻ്റെ പ്രിയ സുഹൃത്തും ആ കടയിൽ കയറി.
"ചേട്ടാ... ഒരു പഴംപൊരി..."
വിശപ്പിൻ്റെ ആഘാതത്തിൽ ശബ്ദവും ഉയർന്നു. ചായയും പഴംപൊരിയും കഴിക്കുമ്പോഴാണ് പെട്ടെന്ന് ഞങ്ങളുടെ കണ്ണുകളളിൽ ആ കാഴ്ച്ച ഉടക്കിയത്. പരിഷ്കാരത്തിൻ്റെ മുൾമുനയിൽ ജീവിക്കുന്ന ചെറുപ്പക്കാരൻ. നീല ജീൻസും വെള്ള ഷർട്ടും  പോരാത്തതിന് ഒരു കൂളിങ് ഗ്ലാസ്സും വെച്ചിട്ടുണ്ട്. ഇരു കൈകളും നീല കോട്ടൻ്റെ വശങ്ങളിൽ പിടിച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ഏതോ അധികാര കസേരയുടെ ഉടമയേപോലെയുണ്ട്. അഹങ്കാരത്തിന് ഒട്ടും കുറവുള്ളതായി ആർക്കും തോന്നുകയില്ല. പെൺകുട്ടികളുടെ തലയിലെ "ബോ" ആകൃതിയിൽ എടുപ്പോടെ ഇരിക്കുന്ന വെള്ള ഇയർഫോൺ ചെക്കൻ്റെ തലയുടെ ആകൃതിയെ തന്നെ മാറ്റി കളഞ്ഞു. ഓടി വന്ന അയാൾ ചായ കടക്കാരനോട്...
"അങ്കീൾ...?"
"അങ്കിള്ളിന് സുഖമാണോ?"

കുടിച്ച് കൊണ്ടിരുന്ന ചായ അയാളുടെ വിളിയുടെ ആഘാതത്തിൽ തെറിച്ച് പോയി..
അയാൾ തുടർന്ന്...
"അങ്കിൾ.... മറ്റെ അങ്കിളിനെ കണ്ടോ?"

വളരെ ബുദ്ധിമുട്ടോടെയാണ് ചായക്കടക്കാരൻ മറുപടി പറഞ്ഞത് എന്ന് എനിക്ക് നല്ലതുപോലെ മനസ്സിലായി. ഞങ്ങൾ ഇരുവരും ചിരിയടക്കുവാൻ കഴിയാതെയായി. പെട്ടെന്ന് അയാൾ ചിന്നക്കടയുടെ ഇടവഴിയിലേയ്ക്ക് മറഞ്ഞു.
ഞങ്ങളുടെ ചിരി കണ്ടപ്പോൾ ചായക്കടക്കാരൻ സംശായാസ്പദമായി ചോദിച്ചു.

"അറിയിമോ.. മോളേ.. അവനെ..?"
ഇനിയും സ്വന്തം മോൻ ആണെങ്കിലോ.. ഞങ്ങൾ ഒന്ന് ഞെട്ടി.
അയാൾ തുടർന്നു...
മോളെ .. അല്പം "ക്രാക്ക്" ഉണ്ട്.

"എന്താ ചേട്ടാ ..? "ഞാൻ കാര്യം തിരക്കി.

"മോളെ ഉള്ളത് ഞാൻ പറയാം... അവന് ക്രാക്കാണ്. കഴിഞ്ഞ ആഴ്ച്ച റോഡിൻ്റെ മറുവശത്ത് വെച്ച് അയാൾ വെറെ ഒരു മധ്യവയസ്ക്കനുമായി കുറച്ച് സംസാരമുണ്ടായി. അത് ഞാൻ കണ്ടു എന്ന് അവന് മനസ്സിലായി. സത്യത്തിൽ മറ്റവനും എന്തോ ഇത്തിരി "ക്രാക്ക്" ഉണ്ട്. അന്ന് മുതൽ ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ഇവൻ ഇതുവഴി പോകും. കടയിൽ കയറിയിട്ട്
" എക്സ് ക്യൂസ് മീ ...അങ്കിൾ.... അങ്കിൾ മറ്റെ അങ്കിളിനെ കണ്ടോ? എന്ന് ചോദിക്കും..
ഞങ്ങൾ പൊട്ടി ച്ചിരിച്ചു.

"മോളേ...ഇപ്പോൾ ഇത് അവനും ശീലമായി.. എനിക്കും ശീലമായി.."

കാലത്തിൻ്റെ മാറ്റത്തിന് ഒപ്പും വേഷം മാറേണ്ടി വന്ന ചായക്കാരന് പറയുവാൻ ഇനിയും ആയിരം കഥകൾ ആ നാവുകളിൽ വിതുമ്പുന്നുണ്ടായിരുന്നു. "ഇവിടെയിരുന്നാൽ എന്തോക്കെ " ടൈപ്പ്" ആളുകളെ കാണാം." അയാളുടെ മറുപടിയിൽ എല്ലാ അനുഭവങ്ങളും ധ്വനിക്കുന്നുണ്ടായിരുന്നു.