Saturday 23 March 2019

അങ്കിൾ...

സൂര്യാസ്തമയത്തിൻ്റെ ചെറുചൂടിൽ പട്ടണത്തിൻ്റെ ഞെരുക്കത്തിൻ്റെ നടുവിൽ ആയാസപ്പെട്ടു നിൽക്കുന്ന  ഒരു ചെറു ചായക്കട. പ്രായം കൊണ്ടു അനുഭവസ്ഥനായ ആ ചായക്കടക്കാരന് പറയാൻ ആയിരം കഥകൾ കാണും. ജീവിതപാഠത്തിന് അപ്പുറം ദൈനദിന കാഴ്ച്ചകൾ കണ്ടു മടുത്ത ഉറച്ച മനസ്സിന് ഉടമയായായിരുന്നു അയാൾ. ഉച്ച വിശപ്പിനെ
അടക്കുവാൻ ഞാനും എൻ്റെ പ്രിയ സുഹൃത്തും ആ കടയിൽ കയറി.
"ചേട്ടാ... ഒരു പഴംപൊരി..."
വിശപ്പിൻ്റെ ആഘാതത്തിൽ ശബ്ദവും ഉയർന്നു. ചായയും പഴംപൊരിയും കഴിക്കുമ്പോഴാണ് പെട്ടെന്ന് ഞങ്ങളുടെ കണ്ണുകളളിൽ ആ കാഴ്ച്ച ഉടക്കിയത്. പരിഷ്കാരത്തിൻ്റെ മുൾമുനയിൽ ജീവിക്കുന്ന ചെറുപ്പക്കാരൻ. നീല ജീൻസും വെള്ള ഷർട്ടും  പോരാത്തതിന് ഒരു കൂളിങ് ഗ്ലാസ്സും വെച്ചിട്ടുണ്ട്. ഇരു കൈകളും നീല കോട്ടൻ്റെ വശങ്ങളിൽ പിടിച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ഏതോ അധികാര കസേരയുടെ ഉടമയേപോലെയുണ്ട്. അഹങ്കാരത്തിന് ഒട്ടും കുറവുള്ളതായി ആർക്കും തോന്നുകയില്ല. പെൺകുട്ടികളുടെ തലയിലെ "ബോ" ആകൃതിയിൽ എടുപ്പോടെ ഇരിക്കുന്ന വെള്ള ഇയർഫോൺ ചെക്കൻ്റെ തലയുടെ ആകൃതിയെ തന്നെ മാറ്റി കളഞ്ഞു. ഓടി വന്ന അയാൾ ചായ കടക്കാരനോട്...
"അങ്കീൾ...?"
"അങ്കിള്ളിന് സുഖമാണോ?"

കുടിച്ച് കൊണ്ടിരുന്ന ചായ അയാളുടെ വിളിയുടെ ആഘാതത്തിൽ തെറിച്ച് പോയി..
അയാൾ തുടർന്ന്...
"അങ്കിൾ.... മറ്റെ അങ്കിളിനെ കണ്ടോ?"

വളരെ ബുദ്ധിമുട്ടോടെയാണ് ചായക്കടക്കാരൻ മറുപടി പറഞ്ഞത് എന്ന് എനിക്ക് നല്ലതുപോലെ മനസ്സിലായി. ഞങ്ങൾ ഇരുവരും ചിരിയടക്കുവാൻ കഴിയാതെയായി. പെട്ടെന്ന് അയാൾ ചിന്നക്കടയുടെ ഇടവഴിയിലേയ്ക്ക് മറഞ്ഞു.
ഞങ്ങളുടെ ചിരി കണ്ടപ്പോൾ ചായക്കടക്കാരൻ സംശായാസ്പദമായി ചോദിച്ചു.

"അറിയിമോ.. മോളേ.. അവനെ..?"
ഇനിയും സ്വന്തം മോൻ ആണെങ്കിലോ.. ഞങ്ങൾ ഒന്ന് ഞെട്ടി.
അയാൾ തുടർന്നു...
മോളെ .. അല്പം "ക്രാക്ക്" ഉണ്ട്.

"എന്താ ചേട്ടാ ..? "ഞാൻ കാര്യം തിരക്കി.

"മോളെ ഉള്ളത് ഞാൻ പറയാം... അവന് ക്രാക്കാണ്. കഴിഞ്ഞ ആഴ്ച്ച റോഡിൻ്റെ മറുവശത്ത് വെച്ച് അയാൾ വെറെ ഒരു മധ്യവയസ്ക്കനുമായി കുറച്ച് സംസാരമുണ്ടായി. അത് ഞാൻ കണ്ടു എന്ന് അവന് മനസ്സിലായി. സത്യത്തിൽ മറ്റവനും എന്തോ ഇത്തിരി "ക്രാക്ക്" ഉണ്ട്. അന്ന് മുതൽ ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ഇവൻ ഇതുവഴി പോകും. കടയിൽ കയറിയിട്ട്
" എക്സ് ക്യൂസ് മീ ...അങ്കിൾ.... അങ്കിൾ മറ്റെ അങ്കിളിനെ കണ്ടോ? എന്ന് ചോദിക്കും..
ഞങ്ങൾ പൊട്ടി ച്ചിരിച്ചു.

"മോളേ...ഇപ്പോൾ ഇത് അവനും ശീലമായി.. എനിക്കും ശീലമായി.."

കാലത്തിൻ്റെ മാറ്റത്തിന് ഒപ്പും വേഷം മാറേണ്ടി വന്ന ചായക്കാരന് പറയുവാൻ ഇനിയും ആയിരം കഥകൾ ആ നാവുകളിൽ വിതുമ്പുന്നുണ്ടായിരുന്നു. "ഇവിടെയിരുന്നാൽ എന്തോക്കെ " ടൈപ്പ്" ആളുകളെ കാണാം." അയാളുടെ മറുപടിയിൽ എല്ലാ അനുഭവങ്ങളും ധ്വനിക്കുന്നുണ്ടായിരുന്നു.

Sunday 13 January 2019

നീയൊരു റോബോട്ടാണ്!!!

നീണ്ട വർഷങ്ങൾക്ക് ശേഷം , കഷ്ടപ്പാടുകൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ ഒരു ശാസ്ത്രജ്ഞൻ റോബോട്ടുണ്ടാക്കി.ആദ്യമായി അതിൻ്റെ കരങ്ങൾ മുകളിലേയ്ക്ക് ചലിച്ചപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞാഴുകി. താൻ വിചാരിച്ചതിനുമപ്പുറം അത് പ്രവർത്തിച്ച് തുടങ്ങിയപ്പോൾ അയാളുടെ സ്വപ്നങ്ങളും പിച്ചവെച്ച് തുടങ്ങി.സ്വന്തമായി ജീവൻ വെച്ച റോബോട്ടിന് തനിഷ്ടം പ്രവർത്തിച്ചൂടേ എന്ന തോന്നലുണ്ടായി. ഇത്രയും കാലം തന്നെയൊരു അടിമയായി പ്രവർത്തിപ്പിച്ചതിൽ അയാളോട് കോപം തോന്നിയ റോബോട്ട് അയാളുടെ കഴുത്തിൽ പിടിച്ച് ഞെരിച്ചു ... അയാളുടെ സ്വപ്നങ്ങൾക്ക് ഒപ്പും ജീവനും പിടഞ്ഞ് മരിച്ചു.

ദൈവത്തിൻ്റെ കൈവിരുതാൽ പണി കഴിപ്പിച്ച ഒരു കലയാണ് മനുഷ്യൻ. ... ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു(ഉല്പത്തി 1:27). ഇവിടെ ആ ശാസ്ത്രജ്ഞൻ സന്തോഷിച്ചതു പോലെ നമ്മുടെ സൃഷ്ടാവായ ദൈവം നമ്മുടെ യോരോ നല്ല പ്രവൃത്തികളിലും സന്തോഷിക്കുന്നു. എന്നാൽ സൃഷ്ടിയുടെ അർത്ഥശൂന്യമായ  പ്രവൃത്തിയിൽ ദൈവം വേദനിക്കുന്നുണ്ട്. ഓരോ നിമിഷവും നഗ്നനായി ഭൂമിയിൽ  ദമ്പതികൾക്ക് ജനിച്ച് വീഴുന്ന പൈതങ്ങൾ ദൈവത്തിൻ്റെ ദാനമാണ്.. സൃഷ്ടാവിൻ്റെ പവിത്രമായ സൃഷ്ടിയാണ്.. എത്ര തല്ലിയാലും വഴക്ക് പറഞ്ഞാലും പിതാവിനെ ഉപേക്ഷിച്ച് ഒരു കുഞ്ഞുങ്ങളും പോകുന്നില്ല.." അച്ഛാ...അച്ഛാ..." എന്ന്  കരഞ്ഞ് വിളിച്ച്  ആ മാറിൽ തന്നെ കിടന്നുറങ്ങും.. അതാണ് സ്നേഹനിധിയായ പിതാവ്...  ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു.(സങ്കീർത്തനങ്ങൾ 68:5).  നമ്മുടെ പിതാവും സൃഷ്ടവുമായ ഏക ദൈവം നമ്മുടെ തിരിച്ച് വരവിനായി കാത്തിരിക്കുന്നു. ഭൂമിയിൽ വസിക്കുന്ന മനുഷ്യൻ തെറ്റു ചെയ്യുക സ്വഭാവികം. എന്നാൽ സ്വന്തം തെറ്റുകളെ തിരിച്ചറിഞ്ഞ് പാപമോചനത്തിനായി ആ പിതാവിൻ്റെ അടുക്കലേയ്ക്ക് ചെല്ലുവാൻ പിതാവ് ഒരുപാട് ആഗ്രഹിക്കുന്നു. കാരണം നിങ്ങൾ പാപിയായിരിക്കെ തന്നെ ജാതി മത വർണ്ണവിവേചനമില്ലാതെ ഏക ദൈവം നിന്നെ സ്നേഹിക്കുന്നു. ഒരുപിതാവില്ലാത്തവർക്ക് പിതാവായി കാരുണ്യവാനായ സൃഷ്ടാവായ നമ്മുടെ ദൈവം എപ്പോഴും കൂടെയുണ്ട്.

“നിങ്ങളിൽ ഒരു ആൾക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ  തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?
കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി:
കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും.
(ലൂക്കോസ് 15:1-6) അതെ... നഷ്ടപ്പെട്ടതിനെയോർത്ത് വിലപിക്കുന്ന ദൈവമാണ് നമ്മുടേത്... യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല(സങ്കീർത്തനങ്ങൾ 23:1).
നല്ല ഇടയൻ തൻ്റെ ആടുൾക്ക് സ്വന്തം ജീവനെ കൊടുക്കുന്നു.  പ്രിയ സുഹൃത്തെ.. ജീവിതം ഒന്നല്ലേയുള്ളൂ .. ഒരു ശ്വാസം നിലച്ച് പോയാൽ മണ്ണോട് മണ്ണ് ചേരാൻ മാത്രം കഴിയുന്ന ജീവനറ്റ മാംസമാത്രമല്ലേ നമ്മുക്ക് ഈ ഭൂമിയിൽ സ്വന്തമായിട്ടുള്ളൂ.. അല്പം നേരം മാത്രം നിലനിൽക്കുന്ന സ്വന്തം ശരീരത്തിൻ്റെ ലഹരിയ്ക്ക് വേണ്ടി മദ്യം ഗ്ലാസ്സിൽ ഒഴിക്കുമ്പോഴും നാഡീ നരമ്പുകളിലൂടെ സിറഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന്  കുത്തി കയറ്റുമ്പോഴും മനുഷ്യൻ ഒന്നും ഓർക്കാറില്ല.  ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നുപോകയും ചെയ്യുന്നു.(സങ്കീർത്തനങ്ങൾ 90:10). മരണത്തിലേയ്ക്കുള്ള പാസ്പോർട്ട് എടുക്കാൻ ക്യൂവിൽ നിൽക്കുന്ന മനുഷ്യൻ!!!